റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് വയസുകാരൻ മരിച്ചു.ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ആശുപത്രി അധികൃതർ കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങുകൾ നടത്തി. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിലാണ് ബന്ധുക്കൾ കോവിഡ് സ്ഥിരീകരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
ആശുപത്രിയിലെ വാർഡ് ബോയ് രോഹിത് ബേഡിയയാണ് കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. മാതാപിതാക്കൾ രണ്ട് വയസുകാരനെ ഉപേക്ഷിച്ചു പോയകാര്യം അറിഞ്ഞതോടെയാണ് കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ തീരുമാനിച്ചതെന്ന് രോഹിത് ബേഡിയ പറഞ്ഞു. അന്ത്യകർമം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നുവെന്നും അതിനാലാണ് തന്നോട് അക്കാര്യം ആവശ്യപ്പെട്ടയുടൻ മടിച്ചുനിൽക്കാതെ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ ജാമുയി സ്വദേശികളാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെയ് പത്തിന് രാത്രി വൈകിയാണ് അവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പെട്ടെന്നാണ് ശ്വാസതടസം അനുഭവപ്പെട്ട് തുടങ്ങിയതെന്ന് മാതാപിതാക്കൾ ഡോക്ടർമാരോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാപിതാക്കളെ കാണാതായത്.
മെയ് 11 ന് വൈകുന്നേരം കുട്ടി മരിച്ചു. ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറുകളിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെ കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്.
Post Your Comments