KeralaLatest NewsNews

തൃശൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനം, ജനങ്ങള്‍ നേരിട്ട് കടകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം

തൃശ്ശൂര്‍: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന തൃശ്ശൂര്‍ ജില്ലയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും തുറക്കില്ല. പത്രം, പാല്‍, തപാല്‍ വിതരണം ഉണ്ടാകും. പലചരക്കുകട, ബേക്കറി എന്നീവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്റ്റോറേജ് എന്നിവ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലായിടത്തും ഹോം ഡെലിവറി വഴിയോ ആര്‍ആര്‍ടികള്‍, വാര്‍ഡ് തല കമ്മിറ്റികള്‍ എന്നിവ വഴിയോ മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യാവൂ. അനുവദനീയമായ വില്‍പ്പനകേന്ദ്രങ്ങളില്‍ ഒരു സമയം മൂന്ന് പേരേ ഉണ്ടാകാവൂ.

ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 8 മണി മുതല്‍ വൈകീട്ട് 7 മണിവരെ പാര്‍സല്‍ മാത്രം കൊടുക്കുന്നതിന് അനുവദനീയമാണ്. എന്നാല്‍ ഇവിടെയും ഹോം ഡെലിവറി വഴിയോ ആര്‍ആര്‍ടികള്‍, വാര്‍ഡ് തല കമ്മിറ്റികള്‍ എന്നിവ വഴിയോ മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യാവൂ.

ജില്ലയില്‍ റേഷന്‍കട, പൊതുവിതരണകേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാല്‍ സാസൈറ്റികള്‍ എന്നിവ രാവിലെ 08.00 മുതല്‍ ഉച്ചതിരിഞ്ഞ് 05.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു.

മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും, വഴിയോരക്കച്ചവടങ്ങളും വീടുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button