KeralaLatest NewsNews

കോവിഡിൽ ആടിയുലഞ്ഞ് സത്യപ്രതിജ്ഞ; നാട്ടില്‍ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ജീവന്റെ വിലയുള്ള ജാഗ്രത എന്നത് വാക്കില്‍ മാത്രം പോരാ, പ്രവൃത്തിയിലും വേണം. ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്.' സുധാ മേനോന്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും 750 പേരെ പങ്കെടുപ്പിച്ച്‌ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വിവാദത്തില്‍. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാവ് എന്ന് പറയാറുണ്ടെങ്കിലും അതൊക്കെ പറച്ചിലില്‍ മാത്രമെ ഉള്ളുവെന്ന് സോഷ്യല്‍ മീഡിയയില്‍ അനവധി പോസ്റ്റുകളും ട്രോളുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ജനങ്ങള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതിരിക്കെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയവര്‍ തന്നെ തങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമത്തില്‍ അയവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

എന്നാൽ ജയിപ്പിച്ചുവിട്ട ജനങ്ങളോട് സര്‍ക്കാരിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സന്നത്ത് എന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ഓണ്‍ലൈന്‍ ആക്കി മാതൃകയായവരാണ് അഭിഭാഷകര്‍. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യന്നവരില്‍ പലരും മുമ്പും പലവട്ടം എംഎല്‍എമാരായും മന്ത്രിമാരായും ഉല്‍സവസമാനമായ സാഹചര്യങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. ഇത്തവണ അത് ഓണ്‍ലൈന്‍ ആക്കി മാതൃകയായിക്കൂടെ എന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ഉയര്‍ത്തുന്ന ചോദ്യം. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ വലിയ ചടങ്ങുകള്‍ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് ഇവിടെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് പിണറായി വിജയനോട് അപേക്ഷിക്കുന്നത്.

മുമ്പ് പല വിഷയങ്ങളിലും സര്‍ക്കാരിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ വാദിച്ചിരുന്ന ആളാണ് കെ.ജെ ജേക്കബ്ബ്. ജേക്കബിന്റെ വാക്കുകള്‍ ഇങ്ങനെ : ‘ഇന്നാട്ടില്‍ ഇപ്പോള്‍ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മള്‍ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാല്‍ എന്റെ വീട്ടില്‍ ഒരു വിവാഹം നടന്നാല്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുപോലും പങ്കെടുക്കാന്‍ പറ്റില്ല. 21 പേര് പങ്കെടുത്താല്‍ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോള്‍. അപ്പോള്‍ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടില്‍ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കള്‍ കാസര്‍ഗോഡുമുതല്‍ പല സ്ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തില്‍ അത് ചെയ്യേണ്ട എന്നല്ല; എന്നാല്‍ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവര്‍ക്ക് മാത്രമായി നാട്ടില്‍ വേറെ നിയമമില്ല’.

Read Also: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ പുതിയ മാർഗങ്ങളിലൂടെ ഇനി യുഎഇയിലേക്ക്

ജീവന്റെ വിലയുള്ള ജാഗ്രത എന്നത് വാക്കില്‍ മാത്രം പോരാ, പ്രവൃത്തിയിലും വേണമെന്നാണ് പൊതുപ്രവര്‍ത്തക കൂടിയായ സുധാ മേനോന്‍ എഴുതുന്നത്. ‘ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആണ്. 140 പേരും ഓട് പൊളിച്ചു വന്നവരല്ല, ജനപ്രതിനിധികള്‍ ആണ്. ഇന്ന് കേരളവും രാജ്യവും കടന്നുപോകുന്ന അത്യന്തം ദുരിതപൂര്‍ണ്ണമായ അവസ്ഥ മറ്റെല്ലാരെയും കൂടുതല്‍ അറിയാവുന്നവര്‍. ‘അതിജീവനം’ ഒഴിച്ച്‌ മറ്റെല്ലാം അപ്രസക്തമാവുന്ന ഈ ‘കരള്‍ പിളരും കാലത്ത് ‘ അഞ്ഞൂറോളം ആള്‍ക്കാരെ പങ്കെടുപ്പിച്ചു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതു? നിയമം നിര്‍മ്മിക്കേണ്ടവര്‍ തന്നെ നഗ്‌നമായ നിയമലംഘനം നടത്തുന്നത് ഏത് സാഹചര്യത്തിലും നീതിയുക്തമല്ല. വീട്ടിനുള്ളില്‍ പോലും ആള്‍ക്കാര്‍ കൂടി നില്‍ക്കരുത് എന്ന് ഒരു വശത്തു ഉപദേശിച്ചിട്ട്, മറുവശത്തു ഗംഭീരചടങ്ങ്! നല്ല നീതിബോധം! സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഒന്നാം വാര്‍ഷികം നിറപ്പകിട്ടോടെ രണ്ടായിരം പേരെ വെച്ച്‌ നടത്താമെന്നിരിക്കെ, ക്ഷണിക്കപ്പെട്ട പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള , പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ലാത്ത ഈ അനാവശ്യആഘോഷം ഒഴിവാക്കുന്നതാണ് ഔചിത്യം. ജീവന്റെ വിലയുള്ള ജാഗ്രത എന്നത് വാക്കില്‍ മാത്രം പോരാ, പ്രവൃത്തിയിലും വേണം. ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്.’ സുധാ മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button