KeralaLatest NewsNews

ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി, ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ നിലവിലെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല.

Read Also : ടൗട്ടെയെ നേരിടാന്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍; നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

പക്ഷേ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വ്യാപകമായി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്രമോ അതിശക്തമോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 115 മില്ലീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനം ഞായറാഴ്ച ഉച്ചവരെ കേരളത്തില്‍ അതിശക്തമായിരിക്കും. ഇതു കണക്കിലെടുത്ത് തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വൈകുന്നേരത്തോടെ അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോമീറ്റര്‍ വടക്ക്-വടക്ക്പടിഞ്ഞാറും ഗോവയിലെ പാനാജി തീരത്ത് നിന്ന് 330 കിലോമീറ്റര്‍ തെക്കു-തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരം തുടരുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയില്‍ പ്രവേശിക്കുമെന്നുമാണ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button