ആലപ്പുഴ: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കടല്‍ക്ഷോഭം. വടക്കന്‍ ജില്ലകളിലെയും തെക്കന്‍ ജില്ലകളിലെയും തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ വെളിയങ്കോട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, വലിയഴീക്കല്‍ മേഖലകള്‍, കോഴിക്കോട് ജില്ലയിലെ തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വെളിയങ്കോട് കടല്‍ഭിത്തി തകര്‍ന്നു. ഇതോടെ മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. തോപ്പയില്‍ മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറിയെങ്കിലും വൈകിട്ടോടെ വെള്ളമിറങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂരിലും വീടുകളില്‍ വെള്ളം കയറിയിരുന്നു.
ആറാട്ടുപുഴ, വലിയഴീക്കല്‍ മേഖലയില്‍ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഇതോടെ തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി. ഇതിനിടെ തീരദേശ റോഡ് തകര്‍ന്നു. കടല്‍ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെത്തി, ചേർത്തല ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട്, ചെല്ലാനം മേഖലകളിൽ തിരമാലകൾ കരയിലേയ്ക്ക് അടിച്ച് കയറിയിരുന്നു.
Post Your Comments