
ടെൽ അവീവ്: ഇസ്രയേൽ – പലസ്തീൻ സംഘർഷം പരിഹരിക്കാൻ ദൂതനെ നിയോഗിച്ച് അമേരിക്ക. പ്രശ്ന പരിഹാരത്തിന് നാലംഗ അന്താരാഷ്ട്ര ക്വാർട്ടെറ്റിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇതിനിടെ ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സയെ ഇസ്രയേൽ വ്യോമാക്രണത്തിലൂടെ വധിച്ചു. ഇസ്രയേലിനെതിരെ ഉള്ള റോക്കറ്റാക്രമണം ഉണ്ടായതോടെ രാജ്യം കടുത്ത പ്രതിരോധം ഉയർത്തി. തുടർന്ന് ആക്രമണം ശക്തമായതോടെ പലസ്തീനിൽ മരിച്ചവരുടെ എണ്ണം 65 ആയി.
ഇസ്രയേലിൽ 6 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചതും. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങള്‍. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സ കൊല്ലപ്പെട്ടു. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചു.
ഹമാസിന്‍റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇസ്സ. ഇതിനുപിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. പലസ്തീൻ ആക്രമണത്തെ അപലപിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇരു കൂട്ടരുമായും ചർച്ച നടത്താൻ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റിനെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഇസ്രയേൽ – പലസ്തീൻ തർക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്ട്ര ക്വാർട്ടെറ്റിന്‍റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനുമാണ് ക്വാർട്ടെറ്റിലെ അംഗങ്ങൾ. ഇസ്രയേൽ – പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു.
Post Your Comments