തിരുവനന്തപുരം: അവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാനുളള ഇ-പാസിന് ഇനി മുതൽ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളിൽ നിന്ന് പോൽ-പാസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. പാസ് അനുവദിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ലിങ്ക് ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യുആർ കോഡോടു കൂടിയ പാസ് കിട്ടും.
കൂലിപ്പണിക്കാർ, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കൽ നൽകിയ പാസിന്റെ കാലാവധി കഴിഞ്ഞാൽ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിൻറെ അനുമതി, നിരസിക്കൽ എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്‌ക്രീനിലെ ചെക്ക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം.
Read Also: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചെറിയ ഇളവ് നല്‍കി സര്‍ക്കാര്‍
അവശ്യസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ് മതിയാകും. പോൽ-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോൽ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments