തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇറച്ചി വില്‍പ്പന ശാലകള്‍ക്ക് മേയ് 12ന് രാത്രി 10 മണിവരെ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഹോം ഡെലിവറി സംവിധാനത്തിലൂടെ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നും ഇത്തരവില്‍ പറയുന്നു.
കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തിലെ മാംസ വില്‍പ്പനയുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടര്‍ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. വൊളന്റീയര്‍മാരെ നിയോഗിച്ച് മാംസം വീടുകളില്‍ എത്തിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വില്‍പ്പന ശാലയിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന വ്യക്തികള്‍ അറുക്കുന്ന സ്ഥലത്തെക്കുറിച്ച് അതത് പോലീസ് സ്റ്റേഷനുകളെ അറിയിക്കുകയും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുകയും വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments