മോഹന്‍ലാല്‍ തന്‍റെ കരിയറിൽ ഏറ്റവും പ്രയാസത്തോടെ ചെയ്ത കഥാപാത്രങ്ങളിലൊന്നാണ് ‘അങ്കിൾ ബൺ’ എന്ന സിനിമയിലെ ചാർളി എന്ന കഥാപാത്രം. 150 കിലോ ഭാരമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ചാർളി അങ്കിൾ ആയി മോഹൻലാൽ തന്റെ വേഷം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചു. പക്ഷേ ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു.
ഒരു പ്രമുഖ ഇംഗ്ലീഷ് സിനിമയുടെ കോപ്പിയായിരുന്നു ‘അങ്കിൾ ബൺ’ എന്ന ചിത്രമെന്ന് അന്ന് പൊതുവേ ഒരു ആരോപണം നിലനിന്നിരുന്നു. താൻ ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘അങ്കിൾ ബൺ’ എന്ന സിനിമയെ കുറിച്ച് പറയുമ്പോൾ അതുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണത്തെക്കുറിച്ച് ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭദ്രന്‍ പങ്കുവയ്ക്കുകയാണ്.
“അങ്കിൾ ബൺ ഒരു ഇംഗ്ലീഷ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്ത സിനിമയായിരുന്നു. അതിന്റെ കഥ എന്നോട് പറഞ്ഞത് സിനിമയുടെ നിർമ്മാതാവായിരുന്നു. 150 കിലോ ഭാരമുള്ള ഒരു തടിയൻ ചാർളി അങ്കിളും, അയാൾക്കൊപ്പം മൂന്നു പിള്ളേരും എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആ സിനിമ ചെയ്യാൻ ഭയങ്കര താല്പര്യം തോന്നി. സത്യത്തിൽ ഞാൻ ആ സിനിമയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇതുവരെയും കണ്ടിട്ടില്ല. എന്നിട്ടും സിനിമ ചെയ്ത് കഴിഞ്ഞ് എന്റെ പേരിൽ ചില ആരോപണങ്ങൾ വന്നു. ഭദ്രന്‍ കോപ്പിയടിച്ച് സിനിമ ചെയ്തു എന്നൊക്കെ അന്നത്തെ ചില സിനിമ മാഗസിനിൽ വാർത്തകൾ വന്നു.
ഒരേ രീതിയിലുള്ള പ്രമേയം സിനിമയാക്കുമ്പോൾ ഒരേ രീതിയിലുള്ള ചിന്തയും സംഭവിച്ചേക്കാം. അങ്ങനെയാവും ആ സിനിമയുമായി സാദൃശ്യം വന്നത്. അല്ലാതെ ആ സിനിമ കണ്ടിട്ടില്ല ഞാൻ ‘അങ്കിൾ ബൺ’ ചെയ്തത്. കഥ പറഞ്ഞപ്പോൾ തന്നെ മോഹൻലാൽ ചെയ്യാമെന്ന് സമ്മതിച്ച സിനിമയായിരുന്നു ‘അങ്കിൾ ബൺ’, പക്ഷേ 150 കിലോ ഭാരമുള്ള കഥാപാത്രത്തെ എങ്ങനെ സൃഷ്ടിക്കും എന്നത് മോഹൻലാലിനും സംശയമായിരുന്നു”.
Post Your Comments