തിരുവനന്തപുരം: ഇ-പാസ് അപേക്ഷ അംഗീകരിച്ചാൽ ഇനി മുതൽ ഫോണിൽ എസ്എംഎസും ലഭിക്കും. കേരളാ പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അത്യാവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ഓൺലൈനിൽ ലഭിക്കുവാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗൺലോഡ് ചെയ്‌തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് പോലീസ് നിലവിൽ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ആശുപത്രി യാത്രകൾക്കും പാസ് നിർബന്ധമല്ല. എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം. ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
Post Your Comments