ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ടിക്രി അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌തെന്ന പരാതിയിൽ ആറ് പേർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബംഗാളിൽ നിന്നുളള 25 കാരിയാണ് പീഡനത്തിന് ഇരയായതായി പിതാവ് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഹരിയാന പോലീസ് നിയോഗിച്ചിട്ടുണ്ട്.പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും സംഘം ചേർന്ന് പീഡിപ്പിച്ചതിനുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനത്തിന് പിന്നാലെ കൊറോണ ബാധിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് കൂടിയായ പെൺകുട്ടിയുടെ പിതാവാണ് മകൾ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കി രംഗത്ത് വന്നത്.
ഇക്കാര്യം മകൾ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.പെൺകുട്ടിയെ കൊണ്ടുപോയെന്ന് പ്രതിഷേധക്കാർ സൂചന നൽകിയവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ കിസാൻ സോഷ്യൽ ആർമിയുടെ പേരിലാണ് പ്രതിഷേധ സ്ഥലത്ത് തമ്പടിച്ചത്. ശനിയാഴ്ചയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെയുളളവരെയാണ് എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്നത്.
പീഡനത്തിന് ഇരയായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പെൺകുട്ടിക്ക് പനിയുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായത്. ബഹദൂർഘട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഏപ്രിൽ 30 ന് മരണപ്പെടുകയായിരുന്നു.
Post Your Comments