തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 80ന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന മരണനിരക്ക് 60ന് മുകളിലായിരുന്നു. ഇപ്പോള്‍ പ്രതിദിന മരണം 79 ആയി ഉയര്‍ന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6000ത്തിലേയ്ക്ക് അടുക്കുകയാണ്. 5958 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍.
കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും ഉള്‍പ്പെടെ ശവസംസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്തെ മരണ നിരക്ക് ഉയരുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ അവസ്ഥ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ, കേരളത്തിലെ യഥാര്‍ത്ഥ കോവിഡ് മരണ സംഖ്യ മറച്ചുവെക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Post Your Comments