ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തിരിച്ചടി നേരിടുന്നതിനിടയിലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് ചേര്‍ന്നത്.
നേരത്തെ, ജൂണ്‍ 23ന് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് വീണ്ടും തീയതി മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടന്‍ പുതിയ തീയതി പ്രഖ്യാപിക്കേണ്ട എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വമുള്ളത്. കേരളത്തിലും അസമിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിട്ടും അധ്യക്ഷ സ്ഥാനത്ത് തത്ക്കാലം സോണിയ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇതോടെയാണ് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുലിന്റെ പേര് തന്നെയാണ് വീണ്ടും ഉയര്‍ന്നുവരുന്നത്.
Post Your Comments