കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് കുറവ് സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുമായി എറണാകുളം മോട്ടോര്‍ വാഹന വകുപ്പ്. ഓക്‌സിജന്‍ വിതരണം നടത്തുന്ന ടാങ്കറുകളുടെ കുറവ് നികത്താന്‍ മറ്റു ടാങ്കറുകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത വിശദമായി പരിശോധിക്കുകയും സ്വകാര്യ ഉടമസ്ഥതയിലുള്ള 3 എല്‍എന്‍ജി ടാങ്കറുകള്‍ പിടിച്ചെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.
ഒന്‍പത് ടണ്‍ വരെ ഓക്‌സിജന്‍ നിറക്കാന്‍ കഴിയുന്ന മൂന്ന് ടാങ്കറുകളാണ് കൈമാറിയത്. ജില്ലയുടെയും സമീപ ജില്ലകളുടെയും ഓക്‌സിജന്‍ ആവശ്യത്തിന് ഇത് പരിഹാരമാകുമെന്നാണ് പ്രാഥമിക നിഗമനം. അതാവശ്യ ഘട്ടങ്ങളില്‍ ഇത്തരം വാഹനങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഓക്‌സിജന്‍ വിതരണത്തിന് ഉപയോഗിക്കാം. ഇവ അറ്റകുറ്റ പണികള്‍ക്കുമായി പുതുവൈപ്പിനിലെ പെട്രോനെറ്റ് എല്‍എന്‍ജിക്ക് കൈമാറി. ഏറെ ചിലവ് വരുന്നതും, സങ്കീര്‍ണ്ണവും ആയ ഈ പ്രവൃത്തി തീര്‍ത്തും സൗജന്യമായി പെട്രോനെറ്റ് ചെയ്തു നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നാളുകളായി ഓടാതെ കിടന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ അഭാവത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചു എല്‍എന്‍ജി ടെര്‍മിനലില്‍ എത്തിച്ചു. ടാങ്ക് പര്‍ജ് ചെയ്ത് ഹൈഡ്രോ കാര്‍ബണ്‍ അംശം പൂര്‍ണ്ണമായും ഒഴിവാക്കണം. പ്രഷര്‍ വാല്‍വുകളുടെയും മറ്റും കാര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി വാഹനം കേന്ദ്ര ഏജന്‍സി ആയ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനു മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കി. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇവ ഓക്‌സിജന്‍ വിതരണത്തിന് തയ്യാറായെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments