തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പരിശോധന കർശനമാക്കി പോലീസ്. ഇന്ന് പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. അതിനാൽ തന്നെ നീരീക്ഷണം കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ-പാസിന് അപേക്ഷ നൽകാം.
നിസാര ആവശ്യങ്ങൾക്ക് അനുമതി നൽകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകൾ പോലീസ് നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം 3,065 പേർക്കെതിരെയാണ് കേസെടുത്തത്. 1440 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 22 കേസുകളും റിപ്പോർട്ട് ചെയ്തു.
Post Your Comments