COVID 19KeralaNattuvarthaLatest NewsNews

ലോക്ക്ഡൗൺ; അവശ്യ യാത്രയ്ക്ക് ഓൺലൈൻ പാസ് സംവിധാനം തയ്യാർ; വിവരങ്ങൾ ഇങ്ങനെ

അപേക്ഷയിൽ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുന്നത്.

തിരുവനന്തപുരം: ലോക്ക്ഡൗണിൽ അവശ്യ യാത്രയ്ക്ക് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കോവിഡ് അവലോകന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള പൊലിസിന്റെ http://pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നൽകാം. ഇരുഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

അപേക്ഷയിൽ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുന്നത്. അനുമതി പത്രം നേരിട്ട് വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ലഭിക്കുന്ന അനുമതിപത്രം ഉപയോഗിച്ച് യാത്ര ചെയ്യാന്‍ തിരിച്ചറിയൽ രേഖയും ഒപ്പം കരുതണം.

അടുത്ത ബന്ധുവിന്റെ വിവാഹം, മരണം, ആശുപത്രി ആവശ്യം, തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാരായ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും നേരിട്ടോ, തൊഴിലുടമ വഴിയോ പാസിനായി അപേക്ഷ സമര്‍പ്പിക്കാം. അതേസമയം, ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കയ്യിൽ കരുതി പാസില്ലാതെയും യാത്ര ചെയ്യാം.

അതേസമയം, അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി പോകുന്നതിന് കയ്യിൽ സത്യപ്രസ്താവന കരുതിയാൽ മതിയാകും.സത്യപ്രസ്താവനയുടെ മാതൃകയും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് മാതൃകയാക്കിവെള്ള പേപ്പറിൽ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button