ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ പ്രമുഖ ടീമുകളുടെ പോരാട്ടം കടുക്കുന്നു. ഇന്ന് നടന്ന നിര്‍ണായകമായ ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
മത്സരത്തില്‍ പതിവുപോലെ ബാഴ്‌സലോണയാണ് ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത്. വീണുകിട്ടിയ അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ അത്‌ലറ്റിക്കോയും കിണഞ്ഞ് ശ്രമിച്ചതോടെ മത്സരം ആവേശത്തിലായി. മികച്ച പ്രതിരോധമാണ് ഇരുടീമുകളും പുറത്തെടുത്തത്. ബാഴ്‌സയുടെ പോസ്റ്റിനെ ലക്ഷ്യമിട്ട് 11 ഷോട്ടുകളാണ് അത്‌ലറ്റിക്കോ പായിച്ചതെങ്കില്‍ ബാഴ്‌സ 12 ഷോട്ടുകള്‍ ഉതിര്‍ത്താണ് മറുപടി നല്‍കിയത്.
ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സോളോ റണ്ണും ഇടംകാലന്‍ ഷോട്ടും ഗോളായി മാറിയെന്ന് തോന്നിപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ അകന്നുപോയി. മുതിര്‍ന്ന താരം സെര്‍ജിയോ ബുസ്‌കെറ്റ്‌സിന് പരിക്കേറ്റതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ബാഴ്‌സ വിട്ട് അത്‌ലറ്റിക്കോയിലെത്തിയ ലൂയിസ് സുവാരസും അത്‌ലറ്റിക്കോ വിട്ട് ബാഴ്‌സയിലെത്തിയ ഗ്രീസ്മാനും മുഖാമുഖം എത്തിയ പോരാട്ടമായിരുന്നു ഇന്ന് നടന്നത്.
മത്സരം സമനിലയിലായതോടെ റയല്‍ മാഡ്രിഡിന്റെ കിരീട മോഹം കൂടുതല്‍ സജീവമായി. നിലവില്‍ 35 മത്സരങ്ങളില്‍ 77 പോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാമതും അത്രതന്നെ മത്സരങ്ങളില്‍ 75 പോയിന്റുമായി ബാഴ്‌സലോണ രണ്ടാമതുമാണ്. 34 മത്സരങ്ങളില്‍ 74 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ സെവിയ്യയ്‌ക്കെതിരെ വിജയിക്കാനായാല്‍ റയല്‍ ബാഴ്‌സയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും.
Post Your Comments