പ്രതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്തു. കുറ്റകൃത്യങ്ങളിൽ പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയുടെ ചിത്രമോ വീഡിയോയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ പൊലീസിന് അനുമതിയില്ല എന്നത് നിലനിൽക്കെയാണ് ഇവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
‘സാഗർ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല’ എന്ന സിനിമാ ഡയലോഗ് അടക്കം, പോസ്റ്റ് ചെയ്ത വീഡിയോയാണ് അതിലൊന്ന്. ചുറ്റും ലാത്തിയുമായി പോലീസ് നിന്ന്, റോഡ് ബ്രോക്കർ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ അത് നന്നാക്കിക്കുന്ന ദൃശ്യങ്ങളാണ് അതിൽ ഉണ്ടായിരുന്നത്. പെകുട്ടിക്കെതിരായ സോഷ്യൽ മീഡിയ അധോക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊന്ന്. കുറ്റാരോപിതരെ സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് അത് ഭരണഘടനയുടെ ലംഘനമാണെന്ന് വ്യക്തമാക്കി നിരവധി പേരാണ് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
കേരളാ പൊലീസിന്റെ സമൂഹ മാധ്യമ ഇടപെടലുകൾ നിരുത്തരവാദപരമാണെന്നും, വിവേചനപരമാണെന്നും വിമർശനങ്ങളുണ്ടായി. സാധാരണക്കാരന്റെ ചെറിയ തെറ്റുകൾ പർവ്വതീകരിച്ചു കാണിക്കുന്ന പോലീസ്, വൻകിടക്കാർക്കെതിരെ എടുക്കുന്ന നടപടികൾ ഒന്നും പോസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല എന്നാണ് പ്രധാന വിമർശനം. പോലീസിന് ചെയ്യാൻ വേറെ ഒരുപാട് പണികളുണ്ടെന്നും ചിലർ വ്യക്തമാക്കുന്നു.നിയമലംഘനം ചൂണ്ടിക്കാണിക്കപ്പെട്ട് സംഭവം വിവാദമായതോടെ കേരളാ പൊലീസ് സൈബർ വിഭാഗം പോസ്റ്റുകൾ നീക്കം ചെയ്യുകയായിരുന്നു.
Post Your Comments