ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്. മഹേന്ദ്രന് രാജിവെച്ചത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്റെ രാജി .234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.
കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന് മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമല്‍ഹാസനെ ഒരു വിഭാഗമാളുകള്‍ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചായിരുന്നു രാജി.
മഹേന്ദ്രനെ ‘വഞ്ചകന്’ എന്ന് വിളിച്ചായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ഇദ്ദേഹത്തെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും കളകള്‍ സ്വയം എം.എന്‍.എമ്മില്‍ സ്വയം ഒഴിഞ്ഞുപോയതില്‍ സന്തോഷമുണ്ടെന്നും കമല്ഹാസന് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് മക്കള്‍ നീതി മയ്യം രൂപവത്കരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നഗരങ്ങളില്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ച വെച്ചത്. കോയമ്പത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച ആര്.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു.
read also: ബോംബ് സ്ഫോടനം: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് പരിക്ക്
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി തോറ്റു. ഇത്തവണ കോയമ്പത്തൂര്‍ സൗത്തിലെ കമല്‍ഹാസന്റെ പരാജയം കനത്ത തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും പാര്‍ട്ടി നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ശരത്കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയവരുമായും മക്കള്‍ നീതിമയ്യം സഖ്യമുണ്ടാക്കിയിരുന്നു.
Post Your Comments