ചെന്നൈ: നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെ സഖ്യത്തിലാണ് മത്സരിക്കുന്നത്. മക്കൾ നീതി മയ്യത്തിന് ഡിഎംകെ സീറ്റ് നൽകുന്നില്ലെങ്കിൽ കോൺഗ്രസന് ലഭിക്കുന്ന സീറ്റുകളിൽ ഒന്ന് കമൽഹാസന് നൽകിയേക്കും. അങ്ങനെയെങ്കിൽ കൈപ്പത്തി ചിഹ്നത്തിലാകും കമൽ മത്സരിക്കുക.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു വിലയിരുത്തൽ. കമൽ കൂടി കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു സീറ്റു കൂടി അധികമായി അനുവദിക്കുമെന്നും സൂചനയുണ്ട്. മക്കൾ നീതി മയ്യത്തിന്റെ ഏഴാം വാർഷികദിനമായ 21ന് വ്യക്തമായ പ്രഖ്യാപനമുണ്ടായേക്കും.
കോൺഗ്രസിനോടു തുടക്കംമുതലേ ആഭിമുഖ്യം കാട്ടുന്ന കമൽ, രാഹുൽ ഗാന്ധിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യസ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്.ഇളങ്കോവനെ പിന്തുണച്ച അദ്ദേഹം ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ അണിചേർന്നിരുന്നു.
Post Your Comments