ലളിതമായ ഒരു ‘കണക്ക് പരീക്ഷ’ കാരണം വിവാഹം മുടുങ്ങുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? എന്നാല്‍ ചെറിയ ഒരു കണക്ക് പരീക്ഷ കാരണം ഉത്തര്‍പ്രദേശിലെ യുവാവിന്റെ വിവാഹം മുടങ്ങിയിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം വരന്‍ വിവാഹമണ്ഡപത്തിലെത്തിയപ്പോഴാണ് വധുവിന് ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയത്. രണ്ടിന്റെ ഗുണനപ്പട്ടികയാണ് യുവതി ഇയാളോട് ചോദിച്ചത്. എന്നാല്‍ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു.
ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു. വരന്‍ മഹോബ ജില്ലയിലെ ധവാര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു. രണ്ട് കുടുംബങ്ങളിലെ ബന്ധുക്കളും പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാല ചാര്‍ത്താനിരിക്കെയാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മണവാട്ടി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
വധുവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സുഹൃത്തുക്കളും ബന്ധുക്കളും പരാജയപ്പെട്ടു. അതേസമയം വരന്‍ വിദ്യാഭ്യാസമില്ലാത്തയാളാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് വധുവിന്റെ ബന്ധുക്കള്‍ പ്രതികരിച്ചത്. ”വരന്റെ കുടുംബം അയാള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടെന്നാണ് ഞങ്ങളോട് പറഞ്ഞത്. അയാള്‍ സ്‌കൂളില്‍ പോലും പോയിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. വരന്റെ കുടുംബം ഞങ്ങളെ വഞ്ചിച്ചു.
പക്ഷേ, ഞങ്ങളുടെ ധീരയായ പെണ്‍കുട്ടി സാമൂഹിക വിലക്കിനെ പോലും ഭയക്കാതെ ഈ ചതിയില്‍ നിന്നും പുറത്തു കടന്നുവെന്ന് ബന്ധുക്കളിലൊരാള്‍ പ്രതികരിച്ചു. ഗ്രാമത്തിലെ പ്രമുഖ പൗരന്മാരുടെ ഇടപെടലില്‍ ഇരു കുടുംബങ്ങളും ഒത്തുതീര്‍പ്പായതിനാല്‍ പൊലീസ് കേസെടുത്തില്ല. അതേസമയം ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് കരാര്‍.
READ MORE: സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാക്ക് മുറിക്കുമെന്ന് ശപഥം; യുവതി രക്തം വാര്‍ന്ന് ആശുപത്രിയിൽ
Post Your Comments