മുംബൈ: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ സഹായങ്ങൾ ഒരുക്കി റെയിൽവേ. ആശുപത്രി ബെഡ്ഡുകളുടെ കുറവ് പരിഹരിക്കാൻ മഹാരാഷ്ട്രയും മദ്ധ്യപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കൊറോണ കെയർ കോച്ചുകൾ വിന്യസിക്കാൻ റെയിൽവേ തയ്യാറെടുക്കുന്നു.
നിലവിൽ ഡൽഹി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് 191 ഐസൊലേഷൻ കോച്ചുകൾ റെയിൽവേ തയ്യാറാക്കി നൽകിയിട്ടുണ്ട്. നിലവിൽ ഈ സ്ഥലങ്ങളിലെ കോച്ചുകളിൽ 2929 കിടക്കകൾ ഒഴിവുണ്ടെന്നും റെയിൽവേ അറിയിച്ചു. ഇതോടൊപ്പം ഉത്തർപ്രദേശിലെ എന്നിവിടങ്ങളിലായി 50 കോച്ചുകൾ തയ്യാറാണെന്നും, ആവശ്യമനുസരിച്ച് നൽകാനായി 64000 ത്തോളം കിടക്കകൾ ഐസൊലേഷൻ കോച്ചുകളിൽ സജ്ജീകരിച്ചു കഴിഞ്ഞതായുംറെയിൽവേ വ്യക്തമാക്കി.
ഡൽഹിയിൽ മാത്രം 75 കൊറോണ കെയർ കോച്ചുകളാണ് റെയിൽവേ നൽകിയിരിക്കുന്നത്. 1200 കിടക്കകളാണ് ഇതിലുളളത്. ഷാക്കൂർ ബസ്തിയിൽ 50 കോച്ചുകളും ആനന്ദ് വിഹാർ സ്‌റ്റേഷനിൽ 25 കോച്ചുകളുമാണ് ഉളളത്. രണ്ടിടങ്ങളിലുമായി 1196 കിടക്കകളാണ് ഇനിയും ഒഴിവുള്ളത്.
മദ്ധ്യപ്രദേശിലെ തിഹി സ്റ്റേഷനിൽ 22 കോച്ചുകൾ റെയിൽവേ സജ്ജമാക്കിയിട്ടുണ്ട്. 320 കിടക്കകളാണ് ഈ കോച്ചുകളിൽ ഉളളത്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് കൂടുതൽ കോച്ചുകൾ സജ്ജമാക്കി നൽകാനുളള തയ്യാറെടുപ്പിലാണ് റെയിൽവേയെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments