ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എടുത്തു. ചെന്നൈയ്ക്ക് വേണ്ടി മൂന്ന് പേര്‍ അര്‍ധ സെഞ്ച്വറി നേടി.
മികച്ച ഫോമിലുള്ള ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ്(4) ആദ്യ ഓവറില്‍ തന്നെ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫാഫ് ഡുപ്ലസി-മൊയീന്‍ അലി സഖ്യം 108 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡുപ്ലസി 28 പന്തില്‍ 50 റണ്‍സും മൊയീന്‍ അലി 36 പന്തില്‍ 58 റണ്‍സും നേടി. സുരേഷ് റെയ്‌ന 2 റണ്‍സുമായി മടങ്ങിയപ്പോള്‍ അവസാനം വരെ തകര്‍ത്തടിച്ച റായ്ഡു 27 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. 22 റണ്‍സുമായി ജഡേജ റായ്ഡുവിന് മികച്ച പിന്തുണ നല്‍കി. ചെന്നൈയുടെ ഇന്നിംഗ്‌സില്‍ ആകെ 16 സിക്‌സറുകളാണ് പിറന്നത്. ഇതില്‍ 7 സിക്‌സറുകളും പിറന്നത് റായ്ഡുവിന്റെ ബാറ്റില്‍ നിന്നായിരുന്നു.
റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാണിക്കാറുള്ള മുംബൈയുടെ പേരുകേട്ട ബൗളിംഗ് നിര ഇന്ന് കണക്കിന് തല്ലുവാങ്ങി. ട്രെന്‍ഡ് ബോള്‍ട്ട് 4 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ജസപ്രീത് ബൂമ്ര 4 ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 2 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനം മാത്രമാണ് മുംബൈയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.
Post Your Comments