ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാന്‍ സഹായം വാഗ്ദാനവുമായി നാല്‍പ്പതിലേറെ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്.
എന്നാൽ വിവിധ രാജ്യങ്ങളില്‍നിന്നായി 550 ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളും 4000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 10000 ഓക്സിജന്‍ സിലിന്‍ഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‌ള വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുമായി അമേരിക്കയില്‍നിന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍ വെള്ളിയാഴ്ചയോടെയും മൂന്നാമത്തേത് മേയ് മൂന്നിനും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയില്‍നിന്ന് രണ്ടു വിമാനങ്ങളില്‍ ഓക്സിജന്‍ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും എത്തി. യു.എ.ഇ.യില്‍നിന്നുള്ള സഹായങ്ങളുമെത്തി.
Read Also: പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ അനുമതി
അതേസമയം അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളില്‍ വിമാനങ്ങളെത്തും. ഈജിപ്തില്‍നിന്ന് നാലുലക്ഷം യൂണിറ്റ് റെംഡെസിവിര്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. യു.എ.ഇ, ബംഗ്ലാദേശ്, ഉസ്‌ബെക്‌സ്താന്‍ എന്നിവിടങ്ങളില്‍നിന്നും ഈ മരുന്ന് എത്തിക്കാന്‍ നോക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ പുറത്തുനിന്നു വാങ്ങാനും ആലോചനയുണ്ട്. ഇന്ത്യന്‍ കമ്പനികള്‍, അന്താരാഷ്ട്ര കമ്പനികള്‍, പ്രവാസി ഇന്ത്യക്കാരുടെ കമ്പനികള്‍, പ്രവാസി ഇന്ത്യന്‍ സമൂഹം എന്നിവ വഴിയും സഹായമെത്തുന്നുണ്ടെന്ന് ശൃംഗ്‌ള പറഞ്ഞു.
Post Your Comments