പാറ്റ്‌ന: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി ബീഹാറിലെ മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്. ഓക്‌സിജന്‍ ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ 150 സിലിണ്ടര്‍ ഓക്‌സിജന്‍ സൗജന്യമായി നല്‍കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ഓക്‌സിജന്‍ ആവശ്യമുള്ളവര്‍ പിന്തുടരേണ്ട നടപടി ക്രമങ്ങളും മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
https://mahavirmandirpatna.org/free-oxygen/ എന്ന വെബ്‌സൈറ്റിലൂടെ ഓക്‌സിജന്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി രോഗിയുടെ പേരും വിലാസവും ആധാര്‍ നമ്പറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. ബുക്ക് ചെയ്തു കഴിഞ്ഞാല്‍ ടൈം സ്ലോട്ട് പരിശോധിക്കാം. പ്രതിദിനം 150 സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കുക എന്ന ദൗത്യമാണ് ട്രസ്റ്റ് സ്വമേധയാ ഏറ്റെടുത്തിരിക്കുന്നത്.
ഓക്‌സിജന്‍ വിതരണത്തിന് പുറമെ, കന്‍കഡ്ബാഗിലുള്ള മഹാവീര്‍ ആരോഗ്യ സന്‍സദനില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയും ട്രസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. മെയ് 1 മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മെയ് 3 മുതല്‍ ബെഗുസരായിയില്‍ 25 കിടക്കകള്‍ ഉള്ള മറ്റൊരു കോവിഡ് ആശുപത്രിയും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആംബുലന്‍സ് സേവനങ്ങളും ട്രസ്റ്റ് തയ്യാറാക്കി കഴിഞ്ഞു.
Post Your Comments