KeralaLatest News

വിവാഹദിവസം കാണാതായ വരനെ ഒരു മാസത്തിന് ശേഷം കണ്ടെത്തി, പോലീസ് പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ

കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.

ഇടുക്കി: വിവാഹദിവസം വരനെ കാണാതായതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. വരന്‍ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിലായി. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്. അന്വേഷണത്തില്‍ ജെസിം കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്നാട്ടിലെ കമ്പം , മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി.

പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച്‌ 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി.കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.

വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തിരുന്നു. അതേസമയം വിവാഹത്തിന് താത്‌പര്യമില്ലാത്തത് കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ഇയാള്‍ മൊഴി നല്‍കി. തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ നിന്ന് പ്രതി ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button