കല്ലമ്പലം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ 2 സിപിഎം പ്രവർത്തകർ അറസ്റ്റിൽ ആയിരിക്കുന്നു. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂർ പുത്തൻവീട്ടിൽ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂർ കാവുവിള പുത്തൻവീട്ടിൽ സമീർ (32) എന്നിവരെയാണു പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ചേർന്ന് 6 മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. കുട്ടിയുമായി അടുപ്പമുണ്ടാക്കിയ സമീർ ആണ് ആദ്യം പീഡിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പിന്നീട് ഇയാൾ സുഹൃത്തായ സഫറുല്ലയോടു വിവരം പറഞ്ഞു. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുല്ല കുട്ടിയെ ഉപദ്രവിച്ചതെന്നും പോലീസ് അറിയിക്കുകയുണ്ടായി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡനം സംബന്ധിച്ചു മൊഴി നൽകിയത്. സഫറുല്ലയെയും സമീറിനെയും സിപിഎമ്മിൽ നിന്നു പുറത്താക്കിയതായി കിളിമാനൂർ ഏരിയ സെക്രട്ടറി എസ്.ജയചന്ദ്രൻ അറിയിച്ചു.
Post Your Comments