Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

മോഹൻലാലിൻറെ ജൈവകൃഷിക്ക് അഭിനന്ദനവുമായി വകുപ്പ് മന്ത്രി

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ തന്റെ എറണാകുളത്തുള്ള വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത വീഡിയോ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മോഹൻലാലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൃഷി മന്ത്രി അഡ്വ. വിഎസ് സുനിൽകുമാർ മോഹൻലാലിനെ അഭിനന്ദിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിഎസ് സുനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടനവിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്.

നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു. ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്.

കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ- മന്ത്രി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button