അഹമ്മദാബാദ്: ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ജയിച്ചു കയറി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ഡൽഹിക്ക് വേണ്ടി അവസാനം വരെ പോരാടിയ ഋഷഭ് പന്തിന്റെയും ഷിമ്രോൺ ഹെറ്റ്മയറിന്റെയും പ്രകടനം പാഴായി.
172 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണർ ശിഖർ ധവാൻ(6) നേരത്തെ മടങ്ങി. തൊട്ടുപിന്നാലെ സ്റ്റീവ് സ്മിത്ത് 4 റൺസ് നേടി പുറത്തായി. സ്‌കോർ 47ൽ എത്തി നിൽക്കെ പൃഥ്വി ഷായുടെ(21) വിക്കറ്റും വീണതോടെ ഡൽഹി പ്രതിരോധത്തിലായി. 22 റൺസുമായി മാർക്കസ് സ്റ്റോയ്‌നിസും പുറത്തായി. തുടർന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഋഷഭ് പന്തും(58*) ഷിമ്രോൺ ഹെറ്റ്മയറും (53*) ബാറ്റ് വീശിയതോടെ ഡൽഹി ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. അവസാന രണ്ട് പന്തിൽ 10 റൺസ് വേണ്ടിയിരുന്നെങ്കിലും രണ്ട് ബൗണ്ടറികൾ നേടാനെ പന്തിന് സാധിച്ചുള്ളൂ.
ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ 4 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. മൊഹമ്മദ് സിറാജ്, കൈൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 6 കളികളിൽ 4 ജയവുമായി ഡൽഹി മൂന്നാം സ്ഥാനത്താണ്.
Post Your Comments