ലക്‌നൗ: ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത നൽകിയ പ്രമുഖ ചാനൽ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യതയെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ വളച്ചൊടിച്ചതിന് ന്യൂസ് 18 ഉത്തർപ്രദേശ് ആണ് മാപ്പ് പറഞ്ഞത്. സംഭവത്തിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നുവെന്ന് ന്യൂസ് 18 ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.
‘തെറ്റായ ഗ്രാഫിക്‌സ് പ്രദർശിപ്പിക്കേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. സംസ്ഥാനത്ത് ഓക്‌സിജന്റെ ലഭ്യതക്കുറവ് വളരെ നിസാരമായ കാര്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തിടുക്കത്തിലുള്ള ടൈപ്പിംഗിന്റെ ഫലമായി യുപിയിലെ കൊറോണ കേസുകൾ നിസാരമാണെന്നാണ് ഗ്രാഫിക്‌സിൽ തെളിഞ്ഞത്. ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു’. ന്യൂസ് 18 ഉത്തർപ്രദേശ് ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. പുതിയ കോവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ ഓക്‌സിജന്റെയോ കിടക്കകളുടെയോ കാര്യത്തിൽ കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അഭിസംബോധനയ്ക്കിടെയാണ് ന്യൂസ് 18 വ്യാജ വാർത്ത സംപ്രേഷണം ചെയ്തത്. സംഭവത്തിൽ യോഗി സർക്കാർ ഇടപെട്ടെന്നും ചാനലിനോട് വിശദീകരണം തേടിയെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments