തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ദിനംപ്രതി വർധിക്കുന്നു. ഇന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് 20,000ത്തിൽ അധികം ആളുകൾക്കെതിരെയാണ് കേസ് എടുത്തത്. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്‌ക് ധരിക്കാത്ത 20,214 പേർക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഇത് 5,862 ആയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗികൾക്ക് ഒപ്പം നിയന്ത്രണങ്ങളുടെ ലംഘനത്തിലും വർധനയുണ്ടാകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. നിയമ ലംഘകരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് മാത്രം 1006 പേർ അറസ്റ്റിലാകുകയും 52 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
Post Your Comments