സുല്‍ത്താന്‍ ബത്തേരി: സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സ്വദേശി മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14) ചികിത്സയില്‍ തുടരുകയാണ്. ഫെബിന്റെ ബന്ധുവാണ് അജ്മല്‍.
വിദഗ്ധ പരിശോധനക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സംഭവത്തില്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ക്കാനായിട്ടില്ല. സുല്‍ത്താന്‍ ബത്തേരി കുപ്പാടി കാരക്കണ്ടി സാഗര്‍ തിയറ്ററിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ ഏപ്രില്‍ 22നായിരുന്നു സംഭവം. ഉച്ച ഒരു മണിയോടെ പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.
ഉഗ്രശബ്ദം കേട്ട് സമീപത്തെ വീടുകളിലുള്ളവര്‍ എത്തുേമ്ബാള് കുട്ടികള്‍ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്ന് ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കെട്ടിടത്തില്‍ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്നതാണെങ്കിലും രണ്ടുവര്‍ഷം മുമ്പ് അവര്‍ ഒഴിഞ്ഞുപോയിരുന്നു.
അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങള്‍: മുത്തുരാജ്, രാജലക്ഷ്മി. സജ്നയാണ് അജ്മലിന്റെ മാതാവ്. സഹോദരങ്ങള്‍: അസ്ന, സാഹിര്‍.
Post Your Comments