നായ്‌ക്കെട്ടി (വയനാട്): ‘അപ്പ വന്ന് പടക്കം പൊട്ടിച്ചു’- ഉഗ്രസ്‌ഫോടനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരി ആയിഷ പറഞ്ഞതിങ്ങനെ. പിതാവ് അബ്‌ദുള്‍ നാസറിന്റെ സുഹൃത്തുകൂടിയായ ബെന്നിയെ ആയിഷ വിളിച്ചിരുന്നത് അപ്പ എന്നാണ്. തനിക്കു ചില പ്രശ്‌നങ്ങളുണ്ടെന്നും ജീവിക്കാന്‍ കഴിയാത്ത അവസ്‌ഥയാണെന്നും ബെന്നി ഇന്നലെ ഉച്ചയോടെ നാസറിനോടു പറഞ്ഞു. എന്തു പ്രശ്‌നമായാലും പരിഹരിക്കാമെന്നു പറഞ്ഞാണു നാസര്‍ പള്ളിയിലേക്കു പോയത്.
വയനാട്, നായ്‌ക്കട്ടിയിലെ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയും മൂലങ്കാവ് എറളോട്ടുകുന്ന് സ്വദേശിയുമായ പെരുങ്ങോട്ടില്‍ ബെന്നി (48), നായ്‌ക്കെട്ടി ഇളവന (ചെരുവില്‍) അബ്‌ദുള്‍ നാസറിന്റെ ഭാര്യയും അക്ഷയ സെന്റര്‍ ജീവനക്കാരിയുമായ അംല (അമല്‍-36) എന്നിവരാണു മരിച്ചത്. അബ്‌ദുള്‍ നാസറിന്റെ വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 1.10-നായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറി. സംഭവം നടക്കുമ്പോള്‍ അബ്‌ദുള്‍ നാസറിന്റെ ഇളയമകള്‍ ആയിഷ (അഞ്ച്) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
കുഞ്ഞിന്റെ ദേഹത്തു ചോരയും മാംസക്കഷണങ്ങളും തെറിച്ചുവീണെങ്കിലും പരുക്കേറ്റില്ല. സ്‌ഫോടകവസ്‌തു ദേഹത്തു കെട്ടിവച്ച് അബ്‌ദുള്‍ നാസറിന്റെ വീട്ടിലെത്തിയ ബെന്നി, അമലിനെ വരാന്തയിലേക്കു വിളിച്ച് കെട്ടിപ്പിടിച്ചതാകാമെന്നു പോലീസ് പറയുന്നു. സ്‌ഫോടനശബ്‌ദം കിലോമീറ്ററുകളോളം ദൂരെക്കേട്ടു. അക്ഷയ സെന്ററില്‍ത്തന്നെ ജോലി ചെയ്യുന്ന അബ്‌ദുള്‍ നാസറിന്റെ സുഹൃത്താണു ബെന്നി.
അബ്‌ദുള്‍ നാസര്‍-അമല്‍ ദമ്പതികള്‍ക്ക് ആയിഷയെക്കൂടാതെ അഫ്രൂസ, അഫ്രീന എന്നീ മക്കളുമുണ്ട്. ബെന്നിയുടെ ഭാര്യ റീന. മക്കള്‍: അലന്‍, അയോണ.
Post Your Comments