KeralaLatest NewsNews

വയനാട്ടില്‍ സ്‌ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സമീപവാസിയായ സിസിലി ശബ്ദംകേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ മൂന്നു കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടിവന്ന് സമീപത്തെ വയലിലെ കുളത്തിലേക്ക് ചാടുന്നതാണ് കണ്ടത്.

സുല്‍ത്താന്‍ബത്തേരി: വയനാട് കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14), ഇവരുടെ ബന്ധുവും പാലക്കാട് സ്വദേശിയുമായ അജ്മല്‍ (14), കോട്ടക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെ മകന്‍ മുരളി (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാൽ അപകടത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബത്തേരിയില്‍ മുമ്പ് പടക്കവ്യാപാരം നടത്തിയിരുന്നവര്‍ രണ്ടു വര്‍ഷംമുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. പ്രാഥമികാന്വേഷണത്തില്‍ പടക്കത്തിന്റെ അവശിഷ്ടങ്ങളൊന്നും സ്‌ഫോടനംനടന്ന കെട്ടിടത്തില്‍നിന്ന് കണ്ടെത്താനായില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരുകയാണെന്നും ബത്തേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. നിധീഷ് കുമാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ പരിക്കേറ്റ അജ്മലിനും മുരളിക്കും 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ഫെബിന്‍ ഫിറോസിന്റെ പരിക്കും ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫെബിന്റെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.

Read Also: ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍

അതേസമയം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍പോയി വരുന്നതിനിടെ ശീതളപാനീയം വാങ്ങി ആളൊഴിഞ്ഞ കെട്ടിടത്തിലിരുന്ന് കഴിക്കാന്‍ പോയതായിരുന്നെന്നും ഇവിടെ കൂട്ടിയിട്ടിരുന്ന അക്വേറിയത്തിലിടുന്ന കല്ലുകള്‍ക്ക് സമീപം കറുത്ത നിറത്തിലുള്ള പൊടികണ്ട്, അത് തീപ്പെട്ടിയുരച്ച്‌ കത്തിക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് ഫെബിന്‍ പോലീസിന് മൊഴി നല്‍കിയത്. സമീപവാസിയായ സിസിലി ശബ്ദംകേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ മൂന്നു കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടിവന്ന് സമീപത്തെ വയലിലെ കുളത്തിലേക്ക് ചാടുന്നതാണ് കണ്ടത്. ഇവരുടെ വസ്ത്രങ്ങളെല്ലാം കത്തിയെരിഞ്ഞനിലയിലായിരുന്നു. സ്‌ഫോടനംനടന്ന കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുകയുയരുന്നുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button