
അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സിലെ കൂറ്റനടിക്കാരെ പിടിച്ചുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടാനെ സാധിച്ചുള്ളൂ. നായകൻ കെ.എൽ രാഹുലിനും ക്രിസ് ഗെയ്‌ലിനും തിളങ്ങാൻ കഴിയാതെ പോയതാണ് പഞ്ചാബിന് തിരിച്ചടിയായത്.
ഒന്നാം വിക്കറ്റിൽ 36 റൺസ് ചേർത്ത ശേഷമാണ് രാഹുൽ (19) മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ക്രിസ് ഗെയ്ൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ 1 റൺസുമായി മടങ്ങിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. മായങ്ക് അഗർവാൾ 31 റൺസെടുത്തു. മായങ്ക് തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. അവസാന നിമിഷം ആഞ്ഞടിച്ച ക്രിസ് ജോർദാന്റെ പ്രകടനമാണ് പഞ്ചാബിന്റെ സ്‌കോർ 120 കടത്തിയത്. ജോർദാൻ 18 പന്തിൽ 30 റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 4 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, സുനിൽ നരൈൻ എന്നിവർ 2 വിക്കറ്റ് വീതവും ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ കൊൽക്കത്തയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.
Post Your Comments