മീററ്റ്: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റാംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ ആശുപത്രി ജീവനക്കാർ പിടിയിൽ. മീററ്റ് സുബർത്തി മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാരാണ് പിടിയിലായത്. ആശുപതിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികൾക്ക് നൽകേണ്ട മരുന്ന് അനധികൃതമായി വിറ്റതിനാണ് ഇവർ പിടിയിലായത്.
കരിഞ്ചന്തയിൽ ഡോസിന് 25,000 രൂപ നിരക്കിലാണ് ഇവർ മരുന്ന് വിറ്റത്. ആശുപത്രിയിൽ നിന്നും റാംഡെസിവിർ മരുന്ന് മോഷ്ടിച്ച് പകരം രോഗികൾക്ക് ഡിസ്റ്റിൽഡ് വാട്ടർ കുത്തിവെയ്ക്കുകയായിരുന്നു എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.പി പൊലീസിന്റെ രഹസ്യാന്വേഷണ സംഘമാണ് തട്ടിപ്പ് പുറത്തുകൊണ്ടു വന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തു.
പ്രതികളായ ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ച ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് മറ്റു നാല് പേർ. അതേസമയം, റാംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിനും അനധികൃതമായി കെെവശം വച്ചതിനും ഡൽഹി പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. പിടിയിലായവർ 25,000 മുതൽ 40,000 രൂപവരെ വില ചുമത്തിയായാണ് റാംഡെസിവിർ കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments