ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട പഴങ്കഥകൾ ഓർത്തെടുത്ത് സൗണ്ട് റെക്കോർഡിസ്റ് ടി കൃഷ്ണനുണ്ണി. ചിത്രാഞ്ജലിയിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സിനിമ ചെയ്താല്‍ സബ്സിഡി തുക കൂടുതലുണ്ടെന്ന ഓർഡർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സ്റ്റുഡിയോയിൽ തിരക്ക് വർധിച്ചത്. എല്ലാതരം പടങ്ങളും അവിടേക്കു സ്വാഗതം ചെയ്യപ്പെട്ടു. ചിത്രാഞ്ജലിയിൽ ഒരു സിനിമയുടെ ഡബ്ബിംഗ് സമയത്ത് തനിക്കുണ്ടായ അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ അനുഭവം പങ്കുവെയ്ക്കുകയാണ് ടി കൃഷ്ണനുണ്ണി. മാതൃഭൂമിക്ക് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ അനുഭവം പറയുന്നത്.
ചിത്രാഞ്ജലി കാമ്പസ് പണ്ട് ഒരു ശ്മശാനഭൂമി ആയിരുന്നു. അതുകൊണ്ട് തന്നെ ശ്മാശാനത്തിന്റെ ഒരു അന്തരീക്ഷം അവിടെ എപ്പോഴുമുണ്ടായിരുന്നു. നിലാവുള്ള രാത്രികളിൽ സമീപത്ത് പലതവണ പ്രേതങ്ങളെ കണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ ആണയിട്ട് പറയാറുണ്ട്. അതുവഴി പോകുന്ന എല്ലാവര്ക്കും ഒരു പ്രേതപ്പേടി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. രാത്രി രണ്ട് മണി വരേയ്ക്കും മിക്ക ദിവസവും ഷൂട്ടിംഗ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തുന്ന അദ്ദേഹം തന്റെ ഓർമയിലെ ഒരു പ്രേതാനുഭവവും പറയുകയാണ്.
അന്ന് ഒരു നിലാവുള്ള ദിവസമായിരുന്നു. ചിത്രാഞ്ജലിക്ക് അടുത്ത് മറ്റൊരു സ്റ്റുഡിയോയും തുറന്നിരുന്നു. ഏതോ ഒരു പടത്തിന്റെ സൗണ്ട് മിക്‌സിങ് വലിയ സ്റ്റുഡിയോയിലും അപ്പുറത്ത് ചെറിയ സ്റ്റുഡിയോയില്‍ ഏതോ ബലാത്സംഗഡബ്ബിങ്ങും നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാത്രി രണ്ട് മണിക്ക് ചായ കുടിക്കാൻ ബ്രേക്ക് എടുത്തു. സംവിധായകനും ഞാനും പുറത്തിരിക്കുമ്പോൾ ദൂരെ നിന്നും ആരോ വരുന്നത് പോലെ തോന്നി. ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി. ഞങ്ങളെ ലക്‌ഷ്യം വെച്ചായിരുന്നു ആ രൂപം വന്നത്, സെക്യൂരിറ്റിയെ വിളിക്കാമെന്ന് വെച്ചാൽ അയാളുടെ പൊടിപോലും കാണാനില്ല.
അടുത്തെത്തിയപ്പോഴാണ് അത് സ്റ്റുഡിയോ എഡിറ്റിങ്ങില്‍ അപ്പോള്‍ എഡിറ്റ് ചെയ്തുകൊണ്ടിരുന്ന ഒരു പടത്തിന്റെ സഹസംവിധായകന്‍ ആണെന്ന് മനസിലായത്. പുള്ളിയുടെ മുഖത്ത് നല്ല പേടിയുണ്ട്. സ്ത്രീകള്‍ കരയുന്നതിന്റെയും അലറുന്നതിന്റെയും ഒക്കെ ശബ്ദം കേൾക്കുന്നുണ്ടെന്നും ഞാൻ ഇവിടെ കിടന്നോളാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ, ഞങ്ങൾക്ക് കാര്യം പിടികിട്ടി. അടുത്ത സ്റ്റുഡിയോയിൽ ബലാത്സംഗ രംഗങ്ങൾക്ക് ശബ്ദം നൽകുന്ന ആർട്ടിസ്റ്റുകളെ ഞങ്ങൾ അയാൾക്ക് കാണിച്ച് കൊടുത്തു. തനിക്കുപറ്റിയ അമളി അയാൾക്ക് അപ്പോഴാണ് മനസിലായത്. – ടി കൃഷ്ണനുണ്ണി കുറിച്ചു.
കടപ്പാട്: സൗണ്ട് റെക്കോർഡിസ്റ് ടി കൃഷ്ണനുണ്ണി മാതൃഭൂമിക്ക് എഴുതിയ ലേഖനത്തിൽ നിന്നും.
Post Your Comments