അമ്പലപ്പുഴ: കതിര്‍മണ്ഡപവും വായ്ക്കുരവയുമില്ലാതെ ആശുപത്രിയിലൊരുക്കിയ വേദിയില്‍ കോവിഡ് ബാധിതന് വധുവിന് താലിചാര്‍ത്തും. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുഹൂര്‍ത്തം തെറ്റാതെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടക്കുക. വരന്റെ കോവിഡ് ബാധിതയായ മാതാവും ചടങ്ങിന് സാക്ഷിയാകും.
വിദേശത്ത് ജോലിയുള്ള കൈനകരി സ്വദേശിയും തെക്കനാര്യാട് സ്വദേശിനിയുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനായി നാട്ടിലെത്തിയ വരന് കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് വണ്ടാനത്ത് ചികിത്സയില്‍ പ്രവേശിച്ചു. എന്നാല്‍, വിവാഹം മാറ്റിവെക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതോടെയാണ് വിവാഹവേദി ആശുപത്രിയാക്കാന്‍ തീരുമാനിച്ചത്.
ഇതിന് കലക്ടറുടെ അനുമതിപത്രം വാങ്ങി ആശുപത്രി സൂപ്രണ്ടിന് വരന്റെ ബന്ധുക്കള്‍ കൈമാറി. വധു ബന്ധുവിനൊപ്പം മുഹൂര്‍ത്ത സമയം ആശുപത്രിയില്‍ എത്തും. വരനെയും മാതാവിനെയും പി.പി.ഇ കിറ്റ് ധരിച്ച് ഈ സമയം മുറിയില്‍ എത്തിക്കും. മുഹൂര്‍ത്തത്തില്‍ വരന് താലിചാര്‍ത്തുന്നതോടെ ചടങ്ങ് പൂര്‍ത്തിയാക്കി വധുവും ബന്ധുവും മടങ്ങണം. മുഴുവന്‍ പേരും പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തുന്നത്.
Post Your Comments