മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ. പർപ്പിൾ ക്യാപ് ഹോൾഡറായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേൽ എറിഞ്ഞ 20-ാം ഓവറിൽ 5 സിക്സറുകളും ഒരു ബൗണ്ടറിയുമാണ് ജഡേജ പറത്തിയത്. 37 റൺസാണ് അവസാന ഓവറിൽ പിറന്നത്.
ആദ്യ 3 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ഹർഷൽ പട്ടേൽ ഇന്നിംഗ്സിലെ അവസാന ഓവർ പൂർത്തിയാക്കാൻ എത്തിയത്. പിന്നീട് പന്ത് ഗ്യാലറികളെ ലക്ഷ്യമാക്കി പറക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു നോബോൾ കൂടിയായതോടെ ഓവറിൽ 37 റൺസ് പിറന്നു. മറുഭാഗത്ത് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറായ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജഡേജയുടെ ഷോട്ടുകൾക്ക് കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്.
ഒരു ഘട്ടത്തിൽ ടീം സ്കോർ 160 കടക്കുമോ എന്ന് സംശയിച്ചിടത്ത് നിന്നാണ് ജഡേജയുടെ തോളിലേറി ചെന്നൈ 191 എന്ന കൂറ്റൻ സ്കോറിലേയ്ക്ക് കുതിച്ചത്. 28 പന്തിൽ 4 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 62 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. ജഡേജ തന്നെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. അതേസമയം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളർ എന്ന ചീത്തപ്പേരിന്റെ റെക്കോർഡാണ് ഹർഷൽ പട്ടേലിനെ തേടിയെത്തിയത്.
Post Your Comments