ഔറംഗബാദ്: രണ്ടു തവണ കോവിഡ് ബാധിതനായെങ്കിലും മനോബലം കൈവിടാതെ രോഗത്തെ പൊരുതി തോൽപ്പിച്ച് 90 കാരൻ. മഹാരാഷ്ട്രയിലാണ് സംഭവം. ബീഡ് ജില്ലയിലെ അഡാസ് സ്വദേശിയായ പാണ്ഡുരംഗ് ആത്മറാം അഗ്ലേവ് എന്ന വയോധികനാണ് കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയത്. മികച്ച ആരോഗ്യ ശീലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും മനോബലവുമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
2020 നവംബറിലാണ് അദ്ദേഹത്തിന് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേജിലെ സർക്കാർ കേന്ദ്രത്തിൽ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം കോവിഡിൽ നിന്നും രോഗമുക്തി നേടി. എന്നാൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ അദ്ദേഹത്തിന് വീണ്ടും വൈറസ് ബാധ ഉണ്ടായി. ഏപ്രിൽ മാസം ആദ്യമായിരുന്നു അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്.
തുടർന്ന് അദ്ദേഹത്തെ അംബജോഗൈയിലെ ലോഖണ്ടി സവർഗാവിലെ ഒരു കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ സ്വാമി രമണാനന്ദ് തീർത്ഥ് മെഡിക്കൽ കോളേജിലെ ചികിത്സാ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റി. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഏപ്രിൽ 17 ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
ആരോഗ്യമുള്ളവരായിരിക്കാൻ വ്യായാമം ചെയ്യണം. താൻ പതിവായി നടക്കുകയും സമ്മർദ്ദരഹിതമായ ജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തായാണെന്നും ഇത് രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ വളരെയധികം സഹായിച്ചുവെന്നുമാണ് പാണ്ഡുരംഗ് പറയുന്നത്. ആരോഗ്യത്തിലും ഭക്ഷണത്തിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡുരംഗ് മാനസികമായി ശക്തനായിരുന്നുവെന്നും ഇത് അദ്ദേഹത്തിനെ അസുഖത്തെ പരാജയപ്പെടുത്താൻ സഹായിച്ചുവെന്നുമാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
Post Your Comments