KeralaLatest News

നല്ല ഭൂരിപക്ഷത്തിൽ ഇ ശ്രീധരന്‍ ജയിക്കും, കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ പോകാം; ആർഎസ്എസ് വിലയിരുത്തലുകൾ

തൃശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ എന്‍ രാധാകൃഷ്‌ണനും തിരുവനന്തപുരത്ത് കൃഷ്‌ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും നല്ല മത്സരമാണ് കാഴ്ചവച്ചത്.

കൊച്ചി: സംസ്ഥാനത്ത് ആറ് സീറ്റില്‍ വിജയസാദ്ധ്യതയുണ്ടെന്ന് ആര്‍ എസ് എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു. ഇതിന് പുറമേ മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍ക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തോടെയുമുളള വിജയസാദ്ധ്യതയുണ്ടെന്നാണ് ആര്‍ എസ് എസ് കണക്കാക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം 10 മുതൽ പന്ത്രണ്ട് മണ്ഡലങ്ങളില്‍ വരെ വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കോര്‍ കമ്മിറ്റി വിലയിരുത്തി. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുളള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുളളത്. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോള്‍ വിധിനിര്‍ണയിക്കുന്ന ശക്തിയായി ബി ജെ പി മാറുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറും പാലക്കാട് ഇ ശ്രീധരനും മലമ്പുഴയില്‍ സി കൃഷ‌്‌ണകുമാറും കാസര്‍കോട് കെ ശ്രീകാന്തും ജയസാദ്ധ്യതയുളളവരാണ്. തിരഞ്ഞെടുപ്പില്‍ മുപ്പതില്‍ അധികം വരുന്ന മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. തൃശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ എന്‍ രാധാകൃഷ്‌ണനും തിരുവനന്തപുരത്ത് കൃഷ്‌ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും നല്ല മത്സരമാണ് കാഴ്ചവച്ചത്.

ബൂത്തുകളില്‍നിന്നുളള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാര്‍ട്ടിക്കുളളത്. മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ബി ജെ പിക്ക് ഉറപ്പായിട്ടുളള മുപ്പതോളം മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ഫലം വരുന്നതോടെ ബി ജെ പി കേരളത്തില്‍ പുതിയ ചരിത്രമെഴുതുമെന്നും പാര്‍ട്ടി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button