കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും താൽക്കാലികമായി നിര്‍ത്തിവെച്ച് കുവൈറ്റ്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ വാണിജ്യ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ശനിയാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ന് (ഏപ്രില്‍ 24) മുതലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് വർധനവിനെ തുടർന്നാണ് നടപടി. ആഗോള കൊറോണ വൈറസിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ആഓഗ്യ അധികൃതർ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായത്. ആരോഗ്യ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം.
ഇന്ത്യയില്‍ 14 ദിവസം തങ്ങിയ ശേഷം നേരിട്ടോ മറ്റൊരു രാജ്യം വഴിയോ വരുന്നവര്‍ക്ക് കുവൈറ്റില്‍ പ്രവേശനാനുമതി ലഭിക്കില്ലെന്നും ഏവിയേഷൻ ഓഫ് കുവൈറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കുവൈറ്റ് പൗരന്മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും. ചരക്ക് ഗതാഗതത്തെ നിയന്ത്രണം ബാധിക്കില്ല. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍, ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.
Post Your Comments