ന്യൂഡല്‍ഹി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചു. കോവീഷീല്‍ഡ് വാക്സീന്‍ ഒരു ഡോസിന് 600 രൂപ നല്‍കണമെന്നാണ് തീരുമാനം. ഇത് വിവാദമായിരിക്കുകയാണ്. ഓക്സ്ഫഡ് അസ്ട്രാസെനകയുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായി ഇത് മാറുമെന്നാണ് റിപ്പോര്‍ട്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കിയിരുന്നത്.
രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മെയ് ഒന്നിന് 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാമെന്ന നിര്‍ദ്ദേശം വന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപയും വാക്സിന് നല്‍കണമെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കിയത്.
അതേ സമയം, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ ഡോസിന് 150 രൂപ നിരക്കില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശനിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന വാക്‌സിന്‍ ഡോസുകള്‍ മുമ്പത്തെപ്പോലെ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments