ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. ഓക്‌സിജൻ ലഭ്യതയാണ് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാൽ കോവിഡ് ബാധിച്ചവർക്കെല്ലാം ഓക്‌സിജൻ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ എന്നാണ് വിദഗ്ധർ പറയുന്നത്. ആർക്കൊക്കെ ഓക്‌സിജൻ സഹായം നൽകണം, ഏതുതരത്തിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം തുടങ്ങിയ സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടി എന്തെന്ന് നോക്കാം.
കോവിഡ് ബാധിതർക്ക് ന്യൂമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തിൽ ഫ്‌ളൂയിഡുകളോ പഴുപ്പോ നിറഞ്ഞ് അണുബാധ ഉണ്ടാവുന്ന അവസ്ഥയാണ് ന്യുമോണിയ. ഇത് രക്തത്തിലെ അസിഡിറ്റിയുടെ തോതിനെ ബാധിക്കുകയും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു. ന്യൂമോണിയ ബാധിക്കുന്നയാൾക്ക് ശ്വാസതടസ്സമുണ്ടാകും. അപ്പോൾ കൃത്രിമ ഓക്‌സിജന്റെ സഹായം ആവശ്യമായി വരും.
രക്തത്തിലെ ഓക്‌സിജന്റെ അളവാണ് ഓക്‌സിജൻ സാച്ചുറേഷൻ. സാച്ചുറേഷന്റെ അളവ് കുറയുമ്പോഴാണ് രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് ബാധിതനായ ഒരാളുടെ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിന് മുകളിലാണെങ്കിൽ ഭയപ്പെടാനില്ല. എന്നാൽ ഇതിൽ കുറവുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് വിദഗ്‌ധോപദേശം.
Post Your Comments