കൈലാസം; ലോകമെമ്പാടും വർദ്ധിച്ചു വരുന്ന കോവിഡ്-19 കേസുകളെ ഭയന്ന് സ്വന്തം രാജ്യമായ കൈലാസത്തിലേയ്ക്കും യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ആൾദൈവം നിത്യാനന്ദ. ഇന്ത്യക്കാർക്ക് മാത്രമല്ല, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയും കൈലാസത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കോവിഡ് 19 കേസുകൾ കണക്കിലെടുത്താണ് തീരുമാനം. കൈലാസത്തിലെ എല്ലാ എംബസികൾക്കും എക്സിക്യൂട്ടീവ് ഓർഡർ അയച്ചു. കോവിഡിനെ ഭയന്ന് വിദൂര സ്ഥലങ്ങളിലേയ്ക്ക് രക്ഷപ്പെടാമെന്ന് ഇനി ആരും കരുതേണ്ട. നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ‘കൈലാസ’മെങ്കിൽ നിങ്ങൾക്ക് വിഷമകരമായ ഒരു വാർത്തയുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള ഭക്തരെ തന്റെ ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നുമാണ് നിത്യാനന്ദയുടെ പുതിയ പ്രസ്താവന.
2019 മുതൽ ‘കൈലാസ’ എന്ന പേര് നൽകിയിരിക്കുന്ന ഒരു ദ്വീപിലെ സ്വയം പ്രഖ്യാപിത ആൾദൈവമാണ് നിത്യാനന്ദ.ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ഇയാൾ ഒളിവിലാണ്. എന്നാൽ 2019 മുതൽ നിത്യാനന്ദ ഇക്വഡോർ തീരത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് സ്വന്തമാക്കി ‘കൈലാസ’ എന്ന പേര് നൽകി താമസമാക്കിയതായാണ് വിവരം. എന്നാൽ പിന്നീട് കൈലാസയെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്ന് നിത്യാനന്ദ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചിരുന്നു.
നിത്യാനന്ദയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ “കൈലാസയിലെ എംബസികളുമായി ബന്ധപ്പെട്ട എല്ലാ കൈലാസിയന്മാരും എകൈലേഷ്യക്കാരും സന്നദ്ധപ്രവർത്തകരും സ്വയം പ്രതിരോധിക്കുകയും പ്രാദേശിക നിയമങ്ങൾ അനുസരിച്ചുള്ള മുൻകരുതൽ പാലിക്കുകയും ചെയ്യണമെന്ന് വ്യക്തമാക്കി.”എക്സിക്യൂട്ടീവ് ഓർഡർ” വായിച്ചതിനുശേഷം ട്വിറ്റർ ഉപയോക്താക്കൾ വിവിധ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേർ നിത്യാനന്ദയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു.
ഇപ്പോൾ സ്വയം പ്രഖ്യാപിത രാജ്യ തലവനായാണ് നിത്യാനന്ദ കഴിയുന്നത്. സ്വന്തം മന്ത്രിസഭയ്ക്കും പ്രധാനമന്ത്രിക്കും പുറമെ ദ്വീപിന് ഒരു പ്രത്യേക വെബ്‌സൈറ്റും ഉണ്ട്. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള ഹിന്ദുക്കളായ നാടുകടത്തപ്പെട്ടവരുടെ രാജ്യമാണ് കൈലാസ എന്നാണ് ദ്വീപിനെക്കുറിച്ച് വെബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്.
2020 ഓഗസ്റ്റിൽ നിത്യാനന്ദ സ്വന്തമായി റിസർവ് ബാങ്ക് ഓഫ് കൈലാസ ആരംഭിച്ചിരുന്നു. ദ്വീപിന്റെ കറൻസി ‘കൈലാഷ്യൻ ഡോളർ’ ആയും പ്രഖ്യാപിച്ചു. ബലാത്സംഗ കേസിൽ പ്രതിയായ നിത്യാനന്ദ കൈലാസയുടെ ‘പരമോന്നത മഹാചാര്യൻ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പീഡന കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദ, 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
അതിസമ്പന്നരും അധികാരത്തിലുള്ളവരും ഉൾപ്പെടെ നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്. ഇവരാണ് ഇക്വഡോറിൽ ഒരു ദ്വീപ് സ്വന്തമാക്കാൻ ഇയാളെ സഹായിച്ചതെന്നാണ് വിവരം. ഇവിടെ സൃഷ്ടിച്ചെടുത്ത കൈലാസ എന്ന ഹൈന്ദവ രാഷ്ട്രത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്.
Post Your Comments