തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ല.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയും വച്ചുപുലര്‍ത്തുന്നുണ്ട്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തി എന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു വ്യക്തമാക്കി. –
കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നടത്തിയത്. അന്ന് സമാനമായ രീതിയില്‍ പല കോണുകളില്‍നിന്ന് ആശങ്ക ഉടലെടുത്തിരുന്നു. എന്നാല്‍ ആര്‍ജ്ജവത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ നടത്തിയതോടെ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ആ രീതിയില്‍ തന്നെ ഇത്തവണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുമെന്നും ജീവന്‍ ബാബു പറഞ്ഞു.
ഈ മാസം 26നാണ് ഹയര്‍സെക്കന്‍ഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ാം തീയതി മുതല്‍ ആരംഭിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ അടുത്ത മാസം 15 വരെ നീണ്ടു നില്‍ക്കും. അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചില അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments