ന്യൂഡൽഹി/ മുംബൈ : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് കരിഞ്ചന്തയിലേക്ക്. മരുന്ന് അനധികൃതമായി കൈമാറ്റം െചയ്ത 3 മലയാളികൾ ഉൾപ്പെടെ 6 പേർ ചണ്ഡിഗഡിൽ അറസ്റ്റിലായി. മധ്യപ്രദേശിൽ കരിഞ്ചന്തയിൽ റെംഡിസിവിർ വിറ്റ 2 പേർക്കെതിരെ കേസെടുത്തു. ഇവിടെ കഴിഞ്ഞയാഴ്ച 2 പേർ അറസ്റ്റിലായിരുന്നു. ഇതിനിടെ, മഹാരാഷ്ട്രയിൽ റെംഡിസിവിർ വിതരണം ചെയ്യാതിരുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) കമ്മിഷണർ അഭിമന്യു കാലെയെ സ്ഥാനത്തുനിന്നു നീക്കി.
കണ്ണൂർ അരിയിൽ സ്വദേശി പി. വി.അഭിഷേക്, കോട്ടയം ളാലം സ്വദേശി ഫിലിപ് ജേക്കബ്, കോട്ടയം മാന്നാനം സ്വദേശി കെ.പി. ഫ്രാൻസിസ്, ഡൽഹി സ്വദേശി സുശീൽ കുമാർ, മധ്യപ്രദേശ് സ്വദേശി പ്രഭാത് ത്യാഗി, ഹിമാചൽപ്രദേശ് സ്വദേശി ഗൗരവ് ചൗള എന്നിവരാണു ചണ്ഡിഗഡ് പൊലീസ് സ്പെഷൽ സെല്ലിന്റെ പിടിയിലായത്. ഹിമാചൽപ്രദേശിലെ ഹെൽത്ത് ബയോടെക് കമ്പനിയുടെ ഡയറക്ടറാണു ചൗള. ഇവരിൽ നിന്നു 3000 ഡോസ് റെംഡെസിവിറും പിടിച്ചെടുത്തിട്ടുണ്ട്.
ഇതിൽ ഫിലിപ് ജേക്കബിനു കോവിഡ് സ്ഥിരീകരിച്ചു. ഫ്രാൻസിസും അഭിഷേകും രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. ചണ്ഡിഗഡ് സെക്ടർ 17ലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇടപാട് ഉറപ്പിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. റെംഡെസിവിറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്.
മരുന്നു നിർമാണത്തിനും കയറ്റുമതിക്കും അനുമതിയുണ്ടെന്നു ഗൗരവ് ചൗള വാദിച്ചെങ്കിലും രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നു സ്പെഷൽ സെൽ എസ്പി കേതൻ ബൻസാൽ പറഞ്ഞു.മധ്യപ്രദേശിൽ കോവിഡ് പടരുന്നതിനിടെയാണ് ആശുപത്രികൾക്കു മുൻപിൽ കരിഞ്ചന്തയിൽ റെംഡെസിവിർ വിൽപന. വിൽപനക്കാരിൽ നിന്നു 3 വയൽ പിടിച്ചെടുത്തു. പ്രധാന ആശുപത്രികളിൽ നിന്ന് മരുന്ന് മോഷണം പോയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നിൽ ആശുപത്രി ജീവനക്കാർ തന്നെയാണെന്നു പൊലീസ് സംശയിക്കുന്നു.
Post Your Comments