ഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച മരുന്നിന്റെ വില നിശ്ചയിച്ചു. വിതരണക്കാരായ ഡോ. റെഡ്ഡീസ് ലാബ് പാക്കറ്റിന് 990 രൂപയാണ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മരുന്ന് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്നും വരും ദിവസങ്ങളില്‍ ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പൊടി രൂപത്തിലുള്ള ഈ മരുന്ന് നല്‍കുന്നതോടെ താഴ്ന്ന ഓക്സിജന്‍ നില പൂര്‍വാവസ്ഥയിലാകുന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ സഹകരണത്തോടെയാണ് ഡി.ആര്‍.ഡി.ഒ മരുന്ന് വികസിപ്പിച്ചത്.
Post Your Comments