മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് 22 രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസ് എടുത്തു. നാസിക് സിറ്റിയിലുള്ള ഭദ്രകാളി പോലീസ് സ്‌റ്റേഷനാണ് ആശുപത്രിക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ തുടർന്ന് 22 കോവിഡ് രോഗികൾ മരിച്ചിരുന്നു.
Also Read: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍, രോഗികള്‍ 35 ലക്ഷം വരെയാകും
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ 157 കോവിഡ് രോഗികളാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് നാസിക് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. വെന്റിലേറ്ററിൽ കിടന്ന 22 രോഗികളാണ് അപകടത്തെ തുടർന്ന് മരിച്ചത്. ടാങ്കർ ചോർച്ച മൂലം ആശുപത്രിയിലെ ഓക്‌സിജൻ വിതരണം അരമണിക്കൂറോളം നിലച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്.
ഓക്‌സിജൻ ചോർച്ച ഉണ്ടായതോടെ വെന്റിലേറ്ററിൽ കിടന്നിരുന്ന രോഗികൾക്ക് ഓക്‌സിജൻ ലഭിക്കാതെ വരികയും ഇതേ തുടർന്ന് ഇവർ മരണപ്പെടുകയുമായിരുന്നുവെന്ന് നാസിക് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. സ്വകാര്യ കമ്പനി നൽകുന്ന ഓക്‌സിജൻ ടാങ്കിലാണ് ചോർച്ചയുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments