
മുംബൈ: ബാറ്റിംഗ് തകർച്ചയിൽ നിന്നും കര കയറി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. ശിവം ദുബെയുടെയും രാഹുൽ തെവാതിയയുടെയും പ്രകടനമാണ് രാജസ്ഥാന്റെ ഇന്നിംഗ്‌സിൽ നിർണായകമായത്.
ഓപ്പണർമാരായ ജോസ് ബട്‌ലറെയും(8) മനൻ വോറയെയും(7) തുടക്കത്തിൽ തന്നെ രാജസ്ഥാന് നഷ്ടമായി. സഞ്ജു സാംസൺ(21) പ്രതീക്ഷ നൽകിയെങ്കിലും നിലയുറപ്പിക്കാനായില്ല. നേരിട്ട രണ്ടാം പന്തിൽ ഡേവിഡ് മില്ലർ സംപൂജ്യനായി മടങ്ങി. 43 റൺസ് നേടുന്നതിനിടെ 4 മുൻനിര വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 32 പന്തിൽ 46 റൺസെടുത്ത ശിവം ദുബെയുടെയും 23 പന്തിൽ 40 റൺസെടുത്ത രാഹുൽ തെവാതിയയുടെയും ഇന്നിംഗ്‌സുകളാണ് രാജസ്ഥാനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. റിയാൻ പരാഗ് 16 പന്തിൽ 25 റൺസ് നേടി.
ബാംഗ്ലൂരിന് വേണ്ടി മൊഹമ്മദ് സിറാജും ഹർഷൽ പട്ടേലും 3 വിക്കറ്റുകൾ വീഴ്ത്തി. കൈൽ ജാമിസൺ, കെയ്ൻ റിച്ചാർഡ്‌സൺ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Post Your Comments